Monday, November 29, 2010

സൌഹ്രുദം

നിന്നിലൂടിന്നു ഞാന്‍ ലോകമറിയുന്നു
ലോകമേ നീയെന്നെന്‍ മനസ്സുമറിയുന്നു
ഒരുവേള നിന്നെ ഞാന്‍ അറിയാതെ പോയെങ്കില്‍ ,
ഇന്നിന്റെ വഴികളില്‍ ഞാന്‍ കാണുകില്ല
ഇന്നലെക്കുള്ളിലെ കരി വിളക്കായി ,
അണയാന്‍ കൊതിക്കുന്ന തിരിനാളമായി
എവിടെയോ പൊടിയേറ്റ് വീണുടഞ്ഞേനേ …
പ്രണയം കവിളിലെ കണ്ണുനീരായപ്പോള്‍ ,
തോല്‍വികള്‍ തീരാത്ത പേമാരിയായപ്പോള്‍ ,
ജീവിതം നേര്‍ക്കുനേര്‍ ചോദ്യമായ് നിന്നപ്പോള്‍
നിഴല്‍ പോലെ നിന്നു നീ , സാന്ത്വനം നല്‍കി
കാരണം തേടാതെ കണ്ണുനീര്‍ മാറ്റി
ഞാന്‍ പോലും അറിയാതെ എന്നെ അറിഞ്ഞു നീ
ഇരുളിന്റെ അഴികളില്‍ കുരുങ്ങി കിടന്നൊരെന്‍
മനസ്സിന്റെ തന്ത്രിയില്‍  നാദമായ് വന്നു നീ
തീരാത്ത മോഹങ്ങള്‍ മൌനമായ് പൊഴിയുമെന്‍
തൂലിക തുമ്പിലെ വര്‍ണമായ് വന്നു നീ
ഒടുവിലൊരു കരയിലെ റാന്തല്‍ വിളക്കു പോല്‍
അകലങ്ങളില്‍ പോലും ആടാതെ അണയാതെ
നീയെന്നില്‍ വിളക്ക് പോല്‍  എരിഞ്ഞു നില്‍ക്കുന്നു …

കാരണം നീ മാത്രം

കടലോളം കണ്ണുനീര്‍ ശേഷിക്കുമാ കണ്ണില്‍ നിന്നു
ഒരു തുള്ളി കണ്ണുനീര്‍ ചോദിച്ചു വാങ്ങി ഞാന്‍
അതു പക്ഷെ നിന്നിലെ കണ്ണുനീര്‍ കാണുവാന്‍ കൊതിച്ചല്ല
മറിച്ച് അന്യനായ് മാറുവാന്‍ നീ പറഞ്ഞപ്പോള്‍
ഉള്ളിലെ നോവുകള്‍ക്കുത്തരം  തേടിയപ്പോള്‍
കണ്ടെത്തിയില്ല നിന്‍ കണ്ണുനീരല്ലാതെ മറ്റൊന്നും
നിന്നിലൂടൊഴുകുമാ അശ്രുക്കളത്രയും
ഞാന്‍ ചെയ്ത പാപമായ് മണ്ണിനോടലിയും
കണ്ണുകള്‍ കനലിന്റെ വേദിയായ് മാറുമ്പോള്‍
നിന്നെ കടവില്‍ തനിച്ചാക്കി യാത്രയാകും ഞാന്‍
ഒരുവേള നിന്നെ പിരിയുന്ന നിമിഷം
എന്‍ പ്രാണന്റെ അവസാന കണികയും മാഞ്ഞെങ്കില്‍
ഒന്നു നീ അറിയണം ……..
അടുക്കാന്‍ ഒരുപാടു മോഹമുണ്ടെന്നാലും ,
അകലാന്‍ കല്‍പ്പിച്ച മനസ്സിന്റെ മുന്നില്‍
കണ്ണുനീര്‍ വാര്‍ക്കാനെ എനിക്കാവൂ ..
ഇന്നു നീ ഇരുളില്‍ തനിച്ചായി എങ്കില്‍ ,
കാരണം നീ മാത്രം , നീ മാത്രം .......
ഇരുളിന്റെ മറവില്‍ നിന്നെ തലോടുമാ
നിഴലിനെ നോക്കു നീ……
ഒരുവേള നിനക്ക് എന്നെ അറിയാന്‍ കഴിഞ്ഞേക്കും
വെളിച്ചത്തിനായ് നീ അലഞ്ഞെന്നാല്‍
നിഴലിന്റെ മറപോലും ബാക്കിയാവില്ലാ ...........

മുഖമെന്ന തിരശീല

മുഖം മനസ്സിന്റെ കണ്ണാടി പോലും
കണ്ണുകള്‍ കഥകള്‍ തന്‍ സാഗരം പോലും
അറിയാതെ ഞാനും മോഹിച്ചു പോയി ,
കണ്ണാടിക്കുള്ളിലെ സാഗര സീമയേ .
കനവിന്റെ നൂലില്‍ കുരുത്തെടുത്തു പോയി ,
കഥകള്‍ പറഞ്ഞിടും കണ്ണാടി ചില്ലിനേ .
പ്രണയം സിരകളില്‍ മഞ്ഞായ് നിറഞ്ഞു
പൊഴിയും ദിനങ്ങളില്‍ വസന്തം വിരിഞ്ഞു
പിന്നെയും സമയം നിമിഷമായ് ഒഴുകി
റുതുക്കള്‍ മനസ്സിന്റെ വാതിക്കലെത്തി
മാറാന്‍ സമയമായെന്നു അറിയിപ്പു തന്നു
അവളില്‍ മറവിയുടെ വേനല്‍ തുടങ്ങി
എന്നിലോ പ്രണയം മഴയായ് പൊഴിഞ്ഞു
കടലുകള്‍ കണ്ണീരിന്‍ കഥകള്‍ മൊഴിഞ്ഞു
കനവിന്‍ കണ്ണാടി പൊട്ടി തകര്‍ന്നു
ഭ്രാന്തമാം  ചിന്തകള്‍  പകല്‍ പോലെ...
പുല്‍കുന്നു ചങ്ങലകള്‍ നിഴല്‍ പോലെ...
എവിടെയാണിന്നു ഞാന്‍ തിരുത്ത പെടേണ്ടത് ?..
ചോദ്യമായ് ജീവിതം ബാക്കി നില്‍ക്കുന്നു ..
അന്ധമാം ഇരുളിനെ അഴികളില്‍ തളക്കുമ്പോള്‍ ,
എവിടെയൊ കേട്ടൊരു പാഴ്‌വാക്കു പോലെ
വീണ്ടും മുഴങ്ങുന്നു ചുമരെഴുത്തുകള്‍ ........
മുഖം മനസ്സിന്റെ തിരശീല മാത്രം ....
കഥയും കളികളും മറക്കുന്ന തിരശീല .
മിഴികളോ ? ............
അവയും മനസ്സിന്റെ തിരശീല തന്നെ
അന്ധമാം കാഴ്ചയെ മറക്കുന്ന തിരശീല ..

പ്രണയത്തിന്റെ ഓര്‍മ്മക്ക്

വരികെന്റെ സൌന്ദര്യ സങ്കല്‍പ്പമേ നീ ..
വരളുമെന്‍ ഹ്രുദയത്തില്‍ ന്രുത്തമാടാന്‍ ..
പിടയുമെന്‍ നെഞ്ചിന്റെ സങ്കീര്‍ത്തനത്തില്‍ ,
പ്രണയമാം കൊലുസ്സിന്റെ താളമേകാന്‍ ..
ഇന്നു ഞാന്‍ കടലിനെ പുല്‍കാന്‍ കൊതിക്കുന്നു
നീയെന്ന കടലില്‍ ചേരാന്‍ വിതുമ്പുന്നു
പഴകിയ ഒരോര്‍മ്മയില്‍ ചലനം മരവിച്ചു
കരയിലെ മണലുപോല്‍ ഞാന്‍ കിടക്കുന്നു ..
പിരിയാന്‍ തുടങ്ങുമീ ജീവന്റെ നാടിയില്‍ ,
വരിക നീ സാഗര തിരമാല പോലെ
മോക്ഷം പരത്തുമാ കൊലുസ്സണിഞ്ഞെത്തി നീ
ഒരു മാത്ര വീണ്ടും നടനമാടു ..
പൊഴിയുമെന്‍ സിരയിലെ ചെന്തീ കനലുകള്‍ ,
അണിയു നീ മാംഗല്യ സിന്ദൂരമായി ..
കഥകളും കണ്ണീരും മറയുമീ പുലരിയില്‍
മുഴങ്ങട്ടെ വീണ്ടും കൊലുസ്സിന്റെ കൊഞ്ചലുകള്‍
ജീവന്റെ തുടികളില്‍ മരവിപ്പ് പോലെ ,
നിറയട്ടെ പ്രണയമെന്‍ തൂലികത്താരയില്‍ …

നിരാശയും ഞാനും

മനസ്സു വീണ്ടും തളരുന്ന പോലെ ..
നിഴലുകള്‍ വഴികളായ് മുന്നിലോടുന്നു ..
ചിന്തകള്‍ മുകിലായ് പെയ്യാന്‍ കൊതിക്കുന്നു ..
ഓര്‍മകള്‍ മനസ്സിനു തടവറ പോലെ ..
സമയം കിതക്കുന്ന സഞ്ചാരം പോലെ ..
നിരാശ സൂര്യനായ് കത്തിയെരിയുമ്പോള്‍ ,
ഉള്ളിലെ പ്രതീക്ഷ തന്‍ നീരുറവ വറ്റുന്നു .
ഒരു കുഞ്ഞു ചലനമായ് പകലുകള്‍ പൊഴിയുന്നു ,
ഇരുളുമായ് മല്ലിട്ട് രാത്രിയും മറയുന്നു ..
കാതങ്ങളേറേ താണ്ടാന്‍ ഇരിക്കേ ,
കാഴ്‌ച്ചകള്‍ ഒരുപാടു കാണാന്‍ ഇരിക്കേ ,
എന്തിനീ പ്രജ്ഞയില്‍ ചിതലരിക്കുന്നു ?
എന്തിനീ കാലില്‍ മരവിപ്പ് കയറുന്നു ?
അറിയില്ല കാരണം പ്രണയമോ ? സ്വപ്നമോ ?
അന്ധയായ് നീതിയും മൂകയായ് നിയതിയും
ആരോടു തേടണം ഉത്തരങ്ങള്‍ ?
ആരോടു സാന്ത്വനം ചോദിക്കണം ?
ചോദ്യമായ് ജീവിതം മുന്നില്‍ നില്‍ക്കുന്നു
സഞ്ചാരി പേറുന്ന മാറാപ്പു പോലെ ,
ചോദ്യവും പേറി ഞാന്‍ ജീവിതം തുടരട്ടെ …